ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിക്കുന്നു

ന്യൂഡല്‍ഹി : ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലേക്കും യുഎഇലേക്കും ഇന്ന് പുറപ്പെടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനറല്‍ നരവാനെ ആദ്യം രണ്ട് ദിവസം റിയാദ് സന്ദര്‍ശിക്കും. അതിന് ശേഷം യുഎഇയിലേക്ക് പോകും. രണ്ട് ഏഷ്യന്‍ അറബ് രാജ്യങ്ങളിലേക്കുള്ള ഒരു ഇന്ത്യന്‍ ആര്‍മി മേധാവിയുടെ ആദ്യ സന്ദര്‍ശനമാണിത്.

ഇന്ത്യന്‍ ആര്‍മി മേധാവി സൗദി അറേബ്യയിലെ സൗദി നാഷണല്‍ ഡിഫന്‍സ് കോളേജിനെ അഭിസംബോധന ചെയ്യും. ഇരു രാജ്യങ്ങളിലെയും ഉന്നത സൈനികരുമായി അദ്ദേഹം ചര്‍ച്ച നടത്തും. കഴിഞ്ഞ രണ്ട് മാസത്തിനിടെ കരസേനാ മേധാവി നേപ്പാളിലേക്കും മ്യാന്‍മറിലേക്കും സന്ദര്‍ശിച്ചിരുന്നു. രണ്ട് അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഈ സന്ദര്‍ശനം.

ഇന്ത്യയുടെ ഒരു പ്രധാന വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യയുടെ 17 ശതമാനമോ അതിലധികമോ അസംസ്‌കൃത എണ്ണയുടെയും 32 ശതമാനം എല്‍പിജി ആവശ്യകതയുടെയും ഉറവിടമാണ് റിയാദ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ പെട്രോകെമിക്കല്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, ഖനനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താനും ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യ-യുഎഇ ഉന്നതതല സംയുക്ത ടാസ്‌ക് ഫോഴ്സിന്റെ (”ജോയിന്റ് ടാസ്‌ക് ഫോഴ്സ്”) എട്ടാമത്തെ യോഗത്തിന് നവംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. നിലവിലുള്ള കോവിഡ് -19 മഹാമാരി കാരണം മീറ്റിംഗ് വെര്‍ച്വല്‍ ഫോര്‍മാറ്റിലായിരുന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനു വേണ്ടിയാണ് 2012-ല്‍ സംയുക്ത ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനായി യുഎഇ അടിസ്ഥാനമായ ഫണ്ടുകളുടെ വികസനവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.