ബീഹാർ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി. ബേതിയയിൽ 15 പേരും ഗോപാൽഗഞ്ചിൽ 11 പേരും മുസാഫർപൂർ, ഹാജിപൂർ എന്നിവിടങ്ങളിലായി ആറ് പേരുമാണ് മരിച്ചത്. ബീഹാറിൽ രണ്ടാഴ്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ മദ്യദുരന്തമാണിത്.
ഒക്ടോബർ 24ന് സിവാനിലും ഒക്ടോബർ 28ന് ബെഗുസരായ് ജില്ലയിലും സംഭവിച്ച മദ്യദുരന്തങ്ങളിൽ എട്ട് പേർ മരിച്ചിരുന്നു. അടുത്തടുത്ത ജില്ലകളിലാണ് മദ്യദുരന്തമുണ്ടാകുന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെ പിടികൂടുമെന്നും മദ്യത്തിനെതിരെ ബോധവത്കരണം ശക്തമാക്കുമെന്നും ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ പറഞ്ഞു
പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരം വെളിപ്പെടുത്താൻ സാധിക്കൂവെന്നാണ് ഗോപാൽഗഞ്ച് എസ് പി ഉപേന്ദ്രനാഥ് പ്രതികരിച്ചത്. ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പോലീസുകാരും മദ്യദുരന്തം നടന്ന പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.