Headlines

കോവിഡ് വ്യാപനം തടയുന്നതില്‍ ഇന്ത്യക്ക് വീഴ്ചപറ്റിയത് എന്തുകൊണ്ട് ; പി ചിദംബരം

ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ മറ്റുരാജ്യങ്ങൾ വിജയിച്ചതായി കാണുമ്പോഴും ഇന്ത്യയ്ക്ക് വീഴ്ച സംഭവിച്ചത് എന്തുകൊണ്ടാണെന്ന് 21 ദിവസത്തിനകം കോവിഡിനെ തോൽപ്പിക്കുമെന്ന വാഗ്ദാനം നൽകിയ പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം.

സെപ്റ്റംബർ 30 ഓടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷം ആകുമെന്ന് ഞാൻ പ്രവചിച്ചിരുന്നു. എന്നാൽ എനിക്ക് തെറ്റുപറ്റി. സെപ്റ്റംബർ 20 ഓടെ തന്നെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 55 ലക്ഷമാകും. സെപ്റ്റംബർ അവസാനത്തോടെ 65 ലക്ഷത്തോളം കോവിഡ് രോഗികൾ രാജ്യത്തുണ്ടാകും – മുൻ ധനമന്ത്രി ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണിന്റെ പ്രയോജനം രാജ്യത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

2020 – 21 ലെ ആദ്യപാദത്തിലും സാമ്പത്തിക വളർച്ച താഴേക്ക് പോയതിനെപ്പറ്റി കേന്ദ്ര ധന മന്ത്രാലയത്തിന് വിശദീകരിക്കാൻ കഴിയുന്നില്ല. സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന പഴയ വിശദീകരണം നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 15 മാസംമുമ്പ് ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ ശ്രമം ജനങ്ങൾ ഇനിയും മറന്നിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.