ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. 294 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. കാളിഘട്ടിലെ വസതിയിൽ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
മമത ബാനർജി നന്ദിഗ്രാമിൽ മാത്രമാകും മത്സരിക്കുക എന്നാണ് സൂചന. ശിവരാത്രി ദിനത്തിൽ മമത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം. ആരോപണവിധേയരെ ഒഴിവാക്കി പരമാവധി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് തൃണമൂലിന്റെ സ്ഥാനാർഥി പട്ടികയെന്ന് നേതൃത്വം അറിയിച്ചു.
അബ്ബാസ് സിദ്ധിഖിയുടെ ഐഎസ് എഫ്, യുണൈറ്റഡ് ഫ്രണ്ടിന്റെ ഭാഗമായി മത്സരിക്കുന്ന സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകളിലെ ചോർച്ച തടയാൻ മമത പ്രാദേശിക നേതാക്കൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.