കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യ വ്യാപകമായ പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ വിമർശനം.
കർഷകരെ കുറിച്ച് എനിക്ക് വലിയ ആശങ്ക തോന്നുന്നുണ്ട്. അവരുടെ ജീവിതത്തെയും ജീവനോപാധിയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. കേന്ദ്ര സർക്കാർ കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. എത്രയും പെട്ടെന്ന് ഈ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിൽ മാത്രമല്ല, രാജ്യ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. എന്നായിരുന്നു മമതയുടെ വാക്കുകൾ
പുതിയ നിയമം സാധാരണക്കാരായ ജനങ്ങളെ ഗുരുതരമായി ബാധിക്കും. അവശ്യ വസ്തുക്കളുടെ വില കുതിച്ചുയുരുന്നതിന് ഇടയാക്കുമെന്നും മമത ചൂണ്ടിക്കാട്ടി. കാർഷിക നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഡിസംബർ നാലിന് തൃണമൂൽ കോൺഗ്രസിന്റെ ദേശീയ തല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്
ദുഷ്ടലാക്കോടെ നടപ്പാക്കിയ സ്വകാര്യവത്കരണ നയങ്ങളും പിൻവലിക്കണം. രാജ്യത്തിന്റെ സമ്പത്ത് ബിജെപിയുടെ സ്വകാര്യ സ്വത്തായി മാറാൻ അനുവദിക്കരുതെന്നും മമത പറഞ്ഞു.