കുടുംബത്തിലെ 9 പേർക്ക് ഒമിക്രൊൺ എന്ന് സംശയം; ജാഗ്രത

കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണയിൽ രാജ്യവും. രാജസ്ഥാനിലെ ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കും കോവിഡ് പോസിറ്റീവ് ആയത് ഒമിക്രോൺ മൂലമെന്ന് സംശയം. കുടുംബത്തിലെ നാലു പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരാണ്. ഇതോടെ ജനിതക പരിശോധനയ്ക്കായി ഒമ്പത് പേരുടെയും സ്രവം പരിശോധനയ്ക്കയച്ചു.

ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ നാല് പേരെയും രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ പ്രവേശിപ്പിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഒമിക്രോൺ വകഭേദം രാജ്യത്ത് മൂന്നാം തരം​ഗത്തിന് ഇടയാക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ 16,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ആരോ​ഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു. ഇതില്‍ 18 പേര്‍ മാത്രമാണ് കോവിഡ് പോസിറ്റീവ്. ഇവരില്‍ ഒമിക്രോണ്‍ കണ്ടെത്താനുള്ള ജനിതക പരിശോധനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കർണാടകയിലെ രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 46, 66 വയസ്സുള്ള രണ്ട് പേരിൽ ഒരാൾ വിദേശ പൗരനാണ്. നിലവിൽ അയാൾ ഇന്ത്യ വിട്ടെന്നാണ് റിപ്പോർട്ട്. സ്വകാര്യ ലാബിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് ഇയാൾ രാജ്യം വിട്ടത്. നവംബർ 20 ന് ബെംഗളുരുവിലെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശി ഏഴ് ദിവസങ്ങൾക്കു ശേഷം ദുബായിലേക്ക് കടക്കുകയായിരുന്നു.