ബ്രിട്ടനിൽ നിന്ന് രാജ്യത്ത് എത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശ. കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയിരുന്നു. അതിവേഗം പടരുന്നതാണ് പുതിയ വകഭേദം.
സെപ്റ്റംബർ മുതലാണ് ബ്രിട്ടനിൽ അതിവേഗ കൊവിഡ് വൈറസ് വ്യാപിക്കാൻ തുടങ്ങിയത്. പുതിയ വകഭേദം ഇന്ത്യയിലും എത്തിയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇക്കാര്യം ആരോഗ്യമന്ത്രാലയം തള്ളിയിട്ടുണ്ട്. എങ്കിലും ജാഗ്രത പാലിക്കാനാണ് സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം
ഡൽഹി, കൊൽക്കത്ത, പഞ്ചാബ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നായി ബ്രിട്ടനിൽ നിന്നെത്തിയ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വൈറസിന്റെ സ്വഭാവം പരിശോധിച്ച് വരികയാണ്. പുതിയ വൈറസ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്.
ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിർബന്ധിത ആർടിപിസിആർ ടെസ്റ്റ് നടത്തും. കൂടാതെ വൈറസ് ബാധിതരെ പ്രത്യേക ക്വാറന്റൈനിൽ പാർപ്പിക്കുകയും ചെയ്യും. രണ്ടാഴ്ചക്കുള്ളിൽ ബ്രിട്ടനിൽ നിന്നെത്തിയവരെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കണമെന്നും സമ്പർക്ക പട്ടിക തയ്യാറാക്കണമെന്നും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഭീഷണിയായി കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ രാജ്യത്ത് 23,950 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 333 പേർ മരിക്കുകയും ചെയ്തു.