നിർണ്ണായക നീക്കവുമായി ഫേസ്‌ബുക്ക്; രാഷ്ട്രീയക്കാർക്ക് തിരിച്ചടി

 

മുംബൈ: രാഷ്ട്രിയത്തിൽ പ്രമുഖരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന നിർത്തലാക്കാൻ ഫേസ്ബുക്ക് തീരുമാനം. ഉപയോക്താക്കള്‍ക്ക് ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് രാഷ്ട്രിയകാര്‍ക്കുള്ള പ്രത്യേക പരിഗണന ഒഴിവാക്കുന്നതെന്നാണ് ലഭ്യമായ വിവരം.

രാഷ്ട്രിയക്കാരുടെ പോസ്റ്റുകളും മറ്റും വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും അവയ്ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നുമായിരുന്നു കമ്പനിയുടെ മുൻ നയം. ഫേസ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാഷ്ട്രീയക്കാർക്കുള്ള പ്രത്യേക പരിഗണന നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

നിലവില്‍ അപവാദ പ്രചാരണങ്ങള്‍, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകള്‍ തുടങ്ങിയവ തടയുന്നതിനായി ഫേസ്ബുക്ക് പുറത്തിറക്കിയിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ രാഷ്ട്രിയകാര്‍ക്ക് ബാധകമല്ലായിരുന്നു. എന്നാൽ പുതിയ നയം പ്രാബല്യത്തില്‍ വരുമ്പോൾ രാഷ്ട്രിയ പ്രവര്‍ത്തകരും ഈ പൊതുവായ നിര്‍ദേശത്തിന് കീഴില്‍ വരുമെന്നാണ് സൂചന.

അതേസമയം, സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി ഫേസ്ബുക്ക് നിലകൊള്ളുമെന്നും, പോസ്റ്റുകളും പ്രഭാഷണങ്ങളും സെന്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഫേസ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പ്രഖ്യാപിച്ചിരുന്നത്. പുതിയ നിര്‍ദേശം ഈ പ്രഖ്യാപനത്തിന്റെ ലംഘനമാണെന്നുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.