ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. തിക്രി ഗ്രാമത്തില്‍ നൂറുല്‍ ഹസന്‍ എന്നയാളുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ഇരുനില വീട് തകര്‍ന്നവുവീണു. ഏഴുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇവരെ വിദഗ്ധ ചികില്‍സയ്ക്കായി ലഖ്‌നോവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിജില്ലാ മജിസ്‌ട്രേറ്റ് മര്‍ക്കാണ്ടെ ഷാഹി പറഞ്ഞു.
നിസാര്‍ അഹ്മദ് (35), റുബീന ബാനോ (32), ഷംഷാദ് (28), സൈറൂനിഷ (35), ഷഹബാസ് (14), നൂറി സബ (12), മെറാജ് (11), മുഹമ്മദ് ഷൂയാബ് (2) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം അപകടം നടന്ന സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് ഹെല്‍പ്പ് ലൈനില്‍ വിവരം ലഭിച്ച ഉടന്‍ സേനയിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായി പോലിസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു.
ഫോറന്‍സിക് സംഘം സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തിന്റെ കാരണം അന്വേഷിച്ച് റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ അദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടു.