യൂട്യൂബ് ചാനൽ തുടങ്ങി ആർക്കും എന്തും വിളിച്ചുപറയാമെന്നായി; തടയാൻ എന്ത് സംവിധാനമുണ്ടെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ആർക്ക് വേണമെങ്കിലും എന്തും വിളിച്ചു പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങൾ മാറിയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സമൂഹമാധ്യമ കമ്പനികൾക്കില്ലെന്നും കോടതി പറഞ്ഞു. നിസാമുദ്ദീനിൽ കഴിഞ്ഞ വർഷം നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോർട്ടുകൾക്കെതിരെ മുസ്ലിം സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം

ആർക്ക് വേണമെങ്കിലും യുട്യൂബ് ചാനലുകൾ തുടങ്ങാം. അതിലൂടെ എന്തും വിളിച്ചുപറയാം. വർഗീയത പടർത്താൻ വരെ ശ്രമിക്കുന്നു. ആരെയും അപകീർത്തിപ്പെടുത്താം. ഒരു നിയന്ത്രണവും ഇതിനില്ല. നിരവധി വ്യാജവാർത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്. ഇത് തടയാൻ എന്ത് സംവിധാനമുണ്ടെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചു

കോടതിയോടോ സാധാരണ ജനങ്ങളോടോ സാമൂഹ്യ മാധ്യമ കമ്പനികൾ പ്രതിബദ്ധത കാട്ടുന്നില്ല. കരുത്തരായ ആളുകളോട് മാത്രമാണ് അവർ പ്രതികരിക്കുന്നത്. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികൾ പറയുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.