ഇന്ത്യയില്‍ ആദ്യമായി കണ്ടത്തെിയ ജനിതകമാറ്റം വന്ന കൊവിഡ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്റാണ് ആശങ്ക ഉണ്ടാക്കുന്നത്.
പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ കണ്ടത്തെിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു.
രാജ്യത്ത് സ്‌ഫോടനാത്മകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോപിക്കപ്പെടുന്ന B.1.617.2 വേരിയന്റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ് എന്നാണ് വിളിക്കുന്നത്. ഇത് കൂടുതലായി പകരാനും ചില വാക്‌സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
ജനിതകമാറ്റം വന്ന വൈറസിനെ ആദ്യം കണ്ടത്തെിയ രാജ്യങ്ങളുടെ പേരുമായി പരാമര്‍ശിക്കുന്നത് രാജ്യത്തെ കളങ്കപ്പെടുത്തുമെന്നതിനാല്‍ അത് ഒഴിവാക്കി ആ വകഭേദത്തെ ഡെല്‍റ്റ എന്ന് വിളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജനിതകമാറ്റം വന്ന വൈറസിനെ കുറിച്ചുള്ള പഠനത്തിനു ഡബ്‌ള്യൂ.എച്ച്.ഒ കൂടുതല്‍ പരിഗണന നല്‍കുകയാണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമാണ് രണ്ട് വകഭേദങ്ങളും ഇന്ത്യയില്‍ കണ്ടെത്തിയത്. ഇതില്‍ ബി.1.617 എന്ന വകഭേദം ഇന്ത്യയ്ക്ക് പുറത്ത് 53 പ്രദേശങ്ങളില്‍ കണ്ടെത്തിയെന്ന് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വേഗത്തില്‍ പടരുന്നതാണെങ്കിലും രോഗതീവ്രത കുറവാണെന്നാണ് ഈ വകഭേദത്തിന്റെ പ്രത്യേകത.