ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിനും കടുത്ത പീഡനങ്ങള്‍ക്കുമൊടുവില്‍ മരിച്ച 20കാരിയായ ദലിത് യുവതിയുടെ കുടുംബത്തെ കാണാനായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് സന്ദര്‍ശിക്കും. കൊല്ലപ്പെട്ട യുവതിയുടെ ഭൗതീക ദേഹം യുപി പോലിസ് വീട്ടുകാരുടെ സമ്മതമില്ലാതെ ബലമായി രാത്രിയില്‍ ദഹിപ്പിച്ചത് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ യുവതിയുടെ വസതി സന്ദര്‍ശിക്കുന്നത്. ദല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ചയാണ് യുവതി മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ അമ്മയൊക്കൊപ്പം പുല്ല് വെട്ടാന്‍ പോകുന്നതിനിടെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ഇരുപതുകാരി കൊടീയ പീഢനത്തിനിരയാക്കപ്പെട്ടത് സെപ്തംബര്‍ 14 നാണ്. ദുപ്പട്ട കൊണ്ട് കഴുത്തുമുറുക്കി അതിക്രൂരമായ പീഢനത്തിനിരയാക്കിയ ശേഷം പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ച് കളഞ്ഞിരുന്നെന്ന് ആശുപ്രതി അധികൃതര്‍ പറഞ്ഞു. സംഘത്തിന്റെ ആക്രമണത്തില്‍ ഒന്നിലധികം ഒടിവുകളും പക്ഷാഘാതവും യുവതിക്കുണ്ടായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു
കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതുമൂലം യുവതി ശ്വാസമെടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയതായും നാവ് കടിച്ച് മുറിക്കപ്പെട്ട നിലയിയാരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ച് പോലിസില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യം പരാതി സ്വീകരിക്കാന്‍ പൊലും ഉത്തര്‍പ്രദേശ് പൊലീസ് തയ്യാറായില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രതികളായ പ്രതികളായ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നീ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇരുപതുകാരിയെ അലിഗഢിലെ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും യുവതി ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ദില്ലിയില്‍ പ്രതിഷേധസമരങ്ങള്‍ അരങ്ങേറി. കോണ്‍ഗ്രസും ഭീം ആര്‍മിയുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ദലിത് വിഭാഗത്തില്‍ നിന്നുള്ള യുവതിയെ ഗ്രാമത്തിലെ സവര്‍ണ വിഭാഗത്തില്‍ നിന്നുള്ള നാലുപേര്‍ ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയതെന്നും അതിനാലാണ് യുപി പൊലീസ് കേസെടുക്കാന്‍ മടിക്കുന്നതെന്നുമുള്ള ആരോപണങ്ങള്‍ ഈ കേസിനെ ചൊല്ലി ആദ്യമേ ഉയര്‍ന്നിരുന്നു.