നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങൾക്കും ബജറ്റിൽ സാധ്യതയുണ്ട്.
ജിഡിപിയുടെ വളർച്ചയും നികുതിവരുമാനവും വലിയ പ്രഖ്യാപനങ്ങൾ നടത്താൻ കേന്ദ്രസർക്കാരിന് ആത്മവിശ്വാസം നൽകുന്ന ഘടകങ്ങളാണ്. ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങളും ബജറ്റിലുണ്ടായേക്കും. ആദായ നികുതി സ്ലാബിൽ ആശ്വസ പ്രഖ്യാപനമുണ്ടാകുമോയെന്നതാണ് മധ്യവർഗ ഇന്ത്യ ഉറ്റുനോക്കുന്നത്.
ബജറ്റിലെ ഏറ്റവും ആകർഷകമായ പ്രഖ്യാപനം നികുതിയിളവ് ആയിരിക്കുമെന്ന് കരുതുന്നവരുണ്ട്. കർഷകരെ കൈയിലെടുക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും. കാർഷിക മേഖലക്ക് കൂടുതൽ പണം അനുവദിക്കാനും സാധ്യതയുണ്ട്. പേപ്പർ രഹിത ബജറ്റാണ് ഇത്തവണയും നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.