വിസ്മയ കേസിൽ വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറുമാറി

 

വിസ്മയ കേസിൽ പുതിയ വഴിത്തിരിവ്. കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ളയുടെ മൊഴി . ആത്മഹത്യാക്കുറിപ്പ് താൻ പൊലീസിന് കൈമാറിയെന്ന് സദാശിവൻ പിള്ള മൊഴി നൽകി. കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ മൊഴിയിലും മാധ്യമങ്ങൾക്ക് മുന്നിലും കുറിപ്പിനെ പറ്റി പറഞ്ഞിരുന്നില്ല.

കഴിഞ്ഞ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കേരള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിനെ പിന്നാലെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരൺ കുമാറിനെ പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ മരണപ്പെട്ടതു മൂലം ഭർത്താവിനെ സർവീസിൽനിന്ന് പിരിച്ചുവിടുന്നത് കേരളത്തിൽ ആദ്യമായിട്ടാണെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. അതിനുള്ള വകുപ്പുണ്ട്. പലപ്പോഴും പ്രയോഗിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. വിസ്മയയുടെ മരണത്തിനുപിന്നാലെ ഭർത്താവ് കിരൺ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിൽ കിരൺ കുമാറിനെതിരെ കുറ്റം തെളിഞ്ഞതിനാലാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.