കൊച്ചി: മലയാളിയുടെ പ്രിയ താരം നിവിന്‍ പോളി തകര്‍ത്തഭിനയിച്ച നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്ത ‘മൂത്തോൻ’ സിനിമ ജൂലൈ 26ന് ഏഴു മണിക്ക് സീ കേരളത്തില്‍ സംപ്രേഷണം ചെയ്യും. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ സിനിമ മുംബൈയിലടക്കം ലോകപ്രശസ്തമായ പല മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച തിയേറ്റര്‍ വിജയം നേടിയ ചിത്രം നിരൂപകരുടെ കഴിഞ്ഞ വര്‍ഷത്തെ പ്രിയ ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്. നിരവധി ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ആദ്യ ടെലിവിഷന്‍ പ്രീമിയര്‍ ഒരുക്കുകയാണ് സീ കേരളം. മലയാള സിനിമയില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന നിവിന്‍ പൊളിക്ക് ആദരവ് കൂടിയാണ് ചിത്രത്തിന്റെ സംപ്രേഷണമെന്നാണ് സീ കേരളം പറയുന്നത്. നിവിന്‍ പോളി തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ചിത്രം കാണണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. നിവിന്റെ അഭിനയവഴിയിലെ വേറിട്ട ഒരു വേഷം കൂടിയായിരുന്നു മൂത്തോനിലെ അക്ബര്‍ എന്ന കഥാപാത്രം.
ദാരുണമായ ഒരു സംഭവത്തെത്തുടര്‍ന്ന് ഒരു മത്സ്യത്തൊഴിലാളിയെന്ന നിലയില്‍ തന്റെ ദ്വീപ് ജീവിതം ഉപേക്ഷിച്ച് മുംബൈയിലെ ഇരുണ്ടയിടങ്ങളില്‍ ഭായിയാകാന്‍ നിര്‍ബന്ധിതനായ അക്ബറിന്റെയും അയാളെ തേടി ദ്വീപില്‍ നിന്ന് മുംബൈയില്‍ എത്തുന്ന മുല്ല എന്ന 14കാരന്‍ സഹോദരന്റെയും കഥയാണ് മൂത്തൊന്‍. മുല്ല യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് അക്ബര്‍ കണ്ടെത്തുന്നുണ്ടോ എന്നതാണ് കഥ തേടുന്ന കൗതുകം.
ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ് മലയാളത്തില്‍ സഹയെഴുത്തുകാരനായി അരങ്ങേറ്റം കുറിച്ച സിനിമ കൂടിയാണ് മൂത്തോൻ. മലയാളത്തിലും ഹിന്ദിയിലും പ്രാദേശിക ലക്ഷദ്വീപ് ഭാഷയായ ജെസാരിയിലുമായാണ് ഗീതു ചിത്രം ഒരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത ധൂളിപാല, മെലിസ രാജു തോമസ് തുടങ്ങി നിരവധി പേര്‍ ഉള്‍പ്പെടുന്ന വന്‍ താരനിരയുണ്ട് ചിത്രത്തില്‍