തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാതയില്‍ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ അയണിമൂട്ടിലെ നെയ്യാര്‍ കനാലിന് കുറുകെയുള്ള പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയ വാഹനത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളതാണ്. ഒരു വര്‍ഷം മുന്നേ മുംബൈയില്‍ നിന്നും പുറപ്പെട്ട വാഹനമാണ് പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയത്.
മുംബൈയില്‍ നിന്ന് വട്ടിയൂര്‍ക്കാവ് വിഎസ്എസ്സിയിലേക്കുള്ള ഭീമന്‍ യന്ത്രവും അനുബന്ധ വാഹനങ്ങളും കൊണ്ടുവന്ന വാഹനത്തിന് 74 ടയറുകള്‍ ഉണ്ട്. 32 ജീവനക്കാര്‍ ചേര്‍ന്നാണ് വാഹനത്തിന് വഴി ഒരുക്കുന്നത്. 70 ടണ്‍ ഭാരമുള്ള യന്ത്രത്തിന് 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്. ലോറിക്കു കടന്നുപോകാനായി റോഡിനു കുറുകെയുള്ള വൈദ്യുതികമ്പികളും മരച്ചില്ലകളും മുറിച്ചുമാറ്റിയാണ് സഞ്ചാരം.
ഒരു മാസംമുമ്പ് കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയ പാലത്തിന് മുകളിലൂടെ ഇന്നലെ ഉച്ചയോടെയാണ് ഇവ കടന്നുപോയത്. രണ്ട് ദിവസം മുമ്പ് തമിഴ്‌നാട് വഴി കളിയിക്കാവിളയില്‍ കേരള അതിര്‍ത്തിയിലെത്തിയ കൂറ്റന്‍ ലോറി ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ടോടെ നഗരത്തില്‍ പ്രവേശിച്ചു. ഇന്നോ നാളെയോ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനാണ് അധികൃതരുടെ ശ്രമം.