മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് അനുപമ പരമേശ്വരന്‍

വ്യാജചിത്രം പ്രചരിപ്പിച്ചവരോട് രൂക്ഷഭാഷയില്‍ പ്രതികരിച്ച് നടി അനുപമ പരമേശ്വരന്‍. താരത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം തുറന്നു കാട്ടി അനുപമ പോസ്റ്റ് ചെയ്തതിനു പിന്നാലെ താരത്തിന്റെ ഔദ്യോഗിക പേജ് അപ്രത്യക്ഷമായി. ‘ഇത്തരം അസംബന്ധങ്ങള്‍ ചെയ്തു കൂട്ടാന്‍ സമയമുള്ള എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം… നിങ്ങള്‍ക്കൊന്നും വീട്ടില്‍ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങള്‍ക്കല്ലാതെ, നല്ല കാര്യങ്ങള്‍ക്കായി തല ഉപയോഗിച്ചു കൂടേ?’ അനുപമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യഥാര്‍ത്ഥ ചിത്രവും മോര്‍ഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകള്‍.

ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായെങ്കിലും ട്വിറ്ററില്‍ താരം സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു. ‘ഒരു പെണ്‍കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാന്‍ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവര്‍ത്തിക്കരുതെന്നും താരം കുറിച്ചു.