മമ്മൂട്ടി വീണ്ടും തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നതായി റിപ്പോർട്ടുകൾ. അഖിൽ അക്കിനേനി നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം ‘ഏജന്‍റി’ൽ അദ്ദേഹം വില്ലനായെത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സൈറാ നരസിംഹ റെഡ്ഡിയുടെ സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി ഒരുക്കുന്ന പുതിയ ചിത്രമാണ് ഏജന്റ്. ചിത്രത്തിൽ അഭിനയിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടിയിൽ നിന്നോ ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നോ ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തി;ൽ അഖിൽ ഒരു സ്പൈ ഏജന്റായാകും എത്തുക. പുതുമുഖം സാക്ഷി വൈദ്യയാണ് ചിത്രയത്തിൽ നായികയായി എത്തുന്നത്.
2019ൽ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഭീഷ്മപർവ്വമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തും. തുടർന്ന് പരവതിക്കൊപ്പം പുഴു എന്ന ചിത്രത്തിലും താരം അഭിനയിക്കും.
ദി പ്രീസ്റ്റ്, വൺ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. പാരാസൈക്കോളജിസ്റ്റായ ഫാദര്‍ ബെനടിക്റ്റ് എന്ന കഥാപാത്രത്തെയാണ് പ്രീസ്റ്റിൽ മമ്മൂട്ടി അവതരിപ്പിച്ചത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച സിനിമ കൂടിയാണ് പ്രീസ്റ്റ് . മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തിയ ചിത്രമായിരുന്നു വൺ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ മുരളി ഗോപി, ജോജു തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.