ചിൽഡ്രൻസ് ഹോമിലേക്ക് തിരികെ എത്തിച്ച പെൺകുട്ടികളിൽ ഒരാളെ മാതാവിനൊപ്പം വിട്ടു

 

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയതിന് ശേഷം കണ്ടെത്തി തിരികെ എത്തിച്ച പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. തന്റെ മകളെ തിരിച്ചുതരണമെന്ന അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സി ഡബ്ല്യു സി തീരുമാനമെടുത്തത്

ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം ഉറപ്പാക്കാൻ സി ഡബ്ല്യു സി ഇന്ന് യോഗം ചേരും. ചിൽഡ്രൻസ് ഹോമിൽ തുടരാൻ താത്പര്യമില്ലെന്നാണ് കുട്ടികൾ പറയുന്നത്. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാലമന്ദിരത്തിൽ എത്തിച്ചപ്പോൾ ഒരു കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

അഞ്ച് പേരെ മറ്റൊരു ബാലിക മന്ദിരത്തിലേക്ക് മാറ്റാനാണ് തീരുമാനം. ബാലാവകാശ കമ്മീഷൻ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസിന് മുമ്പാകെയും കുട്ടികളെ ഹാജരാക്കി. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.