കോവളം: ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്ത. മലപ്പുറം കടമ്പോട് സ്വദേശികളായ ശിഹാബുദ്ദീൻ (32), സുഹൈൽ (21) എന്നിവരാണ് തിരുവല്ലം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി തിരുവല്ലം ജംഗ്ഷനിൽ പരിശോധന നടത്തിയ പൊലീസ് പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് കഞ്ചാവും പുകയില ഉത്പന്നങ്ങളും കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയെ കൊണ്ടുപോകാനെത്തിയതാണെന്ന് ഇവർ വെളിപ്പെടുത്തിയത്.
യുവതിയുമായി ഫേയ്സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത് ശിഹാബുദ്ദീനാണ്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്നും ഭാര്യയുമായി പിണങ്ങി കഴിയുന്നതിനിടെയാണ് യുവതിയുമായി പരിചയപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
തിരുവല്ലം എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ നിതിൻ, ഗ്രേഡ് എസ്.ഐമാരായ വേണു, അരുൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും