വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന് സസ്പെന്‍ഷന്‍. കൊലക്കേസ് പ്രതികള്‍ക്ക് ഫോണ്‍ വിളിയ്ക്ക് ഒത്താശ ചെയ്ത സംഭവത്തിലാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍ ലഭിച്ചത്. കൊലക്കേസില്‍ പ്രതിയായ റഷീദ് എന്നയാള്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് 223 മൊബൈല്‍ നമ്പരുകളിലേക്ക് 1345 തവണ വിളിച്ചെന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സൂപ്രണ്ടിന് ഏഴ് ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ജയില്‍ ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഈ മറുപടിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ എ.ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ടിപി വധക്കേസ് പ്രതിയായ കൊടി സുനി ഗുണ്ടകളെ ഫോണില്‍ വിളിക്കുകയും ഇയാളില്‍ നിന്ന് ഫോണ്‍ പിടിച്ചെടുത്ത സംഭവം ഉണ്ടാകുകയും ചെയ്തിരുന്നു. തീവ്രവാദ കേസിലെ പ്രതികളടക്കം ജയിലില്‍ കഴിയവെയാണ് ഈ സുരക്ഷാ ലംഘനങ്ങള്‍. ജാമറുകള്‍ സ്ഥാപിച്ച് നിയന്ത്രണം കൊണ്ടുവന്നിട്ടും ഫോണ്‍ വിളികള്‍ തുടരുന്നതായാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ സൂപ്രണ്ടിനെതിരെ നടപടി എടുത്തത്.