തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയരായ ഡോക്ടറുടേയും നഴ്‌സുമാരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
കൊവിഡ് നോഡല്‍ ഓഫിസര്‍ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെയാണ് തിരിച്ചെടുത്തത്. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അതേസമയം ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരായ വകുപ്പ് തല നടപടികള്‍ തുടരും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി. ഡിഎംഇയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സര്‍ജറി വിഭാഗം പ്രഫസര്‍ക്ക് കൊവിഡ് ചുമതല കൈമാറി.