മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താൻ സർവേയുമായി സംസ്ഥാനസർക്കാർ

 

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സാമൂഹിക സാമ്പത്തിക സര്‍വേ നടത്തുന്നു. കുടുംബശ്രീ മുഖേന സര്‍വ്വെ നടത്താനാണ് മന്ത്രിസഭ തീരുമാനം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം ചിലയിടങ്ങളിലെ നിയമനങ്ങളില്‍ പൊലീസ് വേരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.

മുന്നോക്ക സംവരണം നടപ്പാക്കുന്നതിന്‍റെ തുടര്‍ച്ചയായിട്ടാണ് കേരളത്തില്‍ സാമൂഹിക, സാമ്പത്തിക സര്‍വേ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്താനാണ് നിര്‍ദ്ദേശം.

വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ അനുവദിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവിടങ്ങിളിലെ നിയമനങ്ങളില്‍ പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമങ്ങള്‍ / സ്റ്റാറ്റൂട്ടുകള്‍ / ചട്ടങ്ങള്‍ / ബൈലോ എന്നിവയില്‍ മൂന്നുമാസത്തിനുള്ളില്‍ ഭേദഗതി വരുത്തണമെന്ന് മന്ത്രിസഭയോഗം തീരുമാനമെടുത്തു. ഇരിട്ടി, കല്യാട് വില്ലേജുകളിലായി 46 ഹെക്ടര്‍ ഭൂമി അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറും.

സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന്‍റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ രഞ്ജിത്ത് തമ്പാനെ ഉള്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനമെടുത്തു.