തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ 45 ദിവസമായി തുടരുന്ന പെരുമാറ്റച്ചട്ടം കാരണം സംസ്‌ഥാനത്തു ഭരണസ്‌തംഭനം രൂക്ഷം. നിര്‍ധന ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ പോലും മുന്നോട്ടുനീക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍. ഇനിയും ഒരു മാസമെങ്കിലും കഴിയാതെ സംസ്‌ഥാന ഭരണം മുന്നോട്ടുപോകില്ലെന്ന വിലയിരുത്തലില്‍ വലഞ്ഞ് ജനം. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഫെബ്രുവരി 26 നാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. അതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറെക്കുറെ നിശ്‌ചലമായി. അവശ്യ സര്‍വീസുകള്‍ മാത്രമാണു സെക്രട്ടേറിയറ്റിലും പ്രവര്‍ത്തിച്ചത്.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്ബ് സര്‍ക്കാര്‍ സംസ്‌ഥാനത്തുടനീളം ഉദ്‌ഘാടന മാമാങ്കങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്നു.
പുതിയ പ്രഖ്യാപനങ്ങളും ഉദ്‌ഘാടനങ്ങളും നടത്തിയാല്‍ ചട്ടലംഘനമാകുമെന്നതിനാല്‍ സര്‍ക്കാര്‍ അതിനു മുതിര്‍ന്നിരുന്നില്ല. മന്ത്രിസഭ ചേര്‍ന്ന് നിര്‍ണായക തീരുമാനങ്ങളെടുക്കാനോ വിവാദ ഫയലുകളില്‍ ഒപ്പിടാനോ മന്ത്രിമാര്‍ക്കും അനുവാദമില്ലാതിരുന്നതിനാല്‍ അതുമുണ്ടായില്ല. തുടര്‍ ഭരണം ഉറപ്പാണെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും.
പുതിയ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം ജോലിയില്‍ സജീവമായാല്‍ മതിയെന്ന അഭിപ്രായത്തിലുമാണ് അവരെല്ലാം. മന്ത്രിമാരുടെ സ്‌റ്റാഫിലുള്ളവരില്‍ ഭൂരിഭാഗവും സേവനം ഏറെക്കുറെ അവസാനിപ്പിച്ച നിലയിലാണ്. അതിനാല്‍ മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള സേവനങ്ങള്‍ നിലച്ചമട്ടാണ്.ശമ്ബള, പെന്‍ഷന്‍ വിതരണം, ആഭ്യന്തര സംബന്ധമായ വിഷയങ്ങള്‍ എന്നിവ മാത്രമാണ് സെക്രട്ടറിയേറ്റില്‍ ഇപ്പോഴും സജീവമായി മുന്നേറുന്ന ജോലികള്‍. പുതിയ പദ്ധതികളും നടത്തിപ്പുകളുമെല്ലാം പുതിയ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം മതിയെന്ന തീരുമാനമാണ് ഇപ്പോഴുള്ളത്.
തെരഞ്ഞെടുപ്പു ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരില്‍ നിരവധിപേര്‍ അവധിയിലാണ്. തെരഞ്ഞെടുപ്പു പ്രചരണത്തിനു പോയ പാര്‍ട്ടി അനുഭാവികളായ ജീവനക്കാരും തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ല. ഇതും സര്‍ക്കാര്‍ സര്‍വീസുകളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.