കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്.
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തത്കാലത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന ധാരണയാണ് സര്‍ക്കാര്‍ തലത്തിലുള്ളത്. എന്നാല്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍ നിലവുള്ളതിനെക്കാള്‍ നിയന്ത്രണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രങ്ങള്‍ കൂടി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മന്ത്രിസഭ യോഗം വിശദമായി ചര്‍ച്ച
ചെയ്യും.സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധന നടത്താനുള്ള ആലോചനും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. ധനബില്ലിന്‍റെ കാലാവധി മറ്റെന്നാള്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ബില്‍ പാസാക്കാനുള്ള കാലാവധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭയോഗം പാസാക്കും.