യമൻ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. അപ്പീൽ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ ജുഡീഷ്യൽ കൗൺസിൽ ഫയലിൽ സ്വീകരിച്ചു.
നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു ഈ മാസം പതിനെട്ടിനാണ് അപ്പീൽ കോടതിയുടെ വിധി വന്നത്. ഇതിനെതിരെ യമനിലെ പരമോന്നത നീതിപീഠം ആയ ജുഡീഷ്യൽ കൗൺസിലിനെ സമീപിക്കുകയായിരുന്നു.
ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ജുഡീഷ്യൽ കൗൺസിലിന് മുന്‍പാകെ ചൂണ്ടിക്കാട്ടുന്നത്. യമൻ പ്രസിഡന്റ് ആണ് അപ്പീൽ പരിഗണിക്കുന്ന ജുഡീഷ്യൽ കൗണ്സിലിന്റെ അധ്യക്ഷൻ.
നിമിഷയെ കൊലപാതകിയാക്കിയ സാഹചര്യങ്ങളും കൊല്ലപ്പെട്ട യെമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ ക്രിമിനല്‍ സ്വഭാവവും കേസില്‍ പരിഗണിക്കണമെന്ന് ഉന്നത കോടതിയോട് അപ്പീലിലൂടെ ആവശ്യപ്പെട്ടു.
2017 ജൂലൈ 25നാണ് കൊലപാതകം നടന്നത്. തുടർച്ചയായ പീഡനം സഹിക്കാൻ കഴിയാതെ യമനി പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്