സംസ്ഥാനത്ത് കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായംകൂടിയ വ്യക്തി
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സംസ്ഥാനത്തിന് ഒരഭിമാന നിമിഷം കൂടി. കോവിഡ് ബാധിച്ച് മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിലായിരുന്ന 110 വയസുകാരി കോവിഡ് മുക്തയായി. രണ്ടത്താണി വാരിയത്ത് പാത്തുവാണ് കോവിഡിനെ അതിജീവിച്ച് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇവർ.പ്രായം തടസമാകാതെ വിദഗ്ധ ചികിത്സ നൽകി കോവിഡിന്റെ പിടിയിൽ നിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും 105 വയസുകാരി അഞ്ചൽ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ നിന്നും 103 വയസുകാരൻ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവർ അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.ആഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് പാത്തു രോഗബാധിതയായത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവർ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.രോഗമുക്തി നേടി പൂർണ ആരോഗ്യവതിയായി തിരിച്ചു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. മികച്ച പരിചരണം നൽകിയ ആശുപത്രി ജീവനക്കാർക്കും സർക്കാരിനും ആരോഗ്യവകുപ്പിനും അവർ നന്ദി രേഖപ്പെടുത്തി. ഇനി 14 ദിവസം കൂടി പാത്തു വീട്ടിൽ നിരീക്ഷണത്തിൽ തുടരും.കോവിഡ് നോഡൽ ഓഫീസർ ഡോ. പി ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഫ്‌സൽ, ആർഎംഒമാരായ ഡോ. ജലീൽ, ഡോ. സഹീർ നെല്ലിപ്പറമ്പൻ എന്നിവർ ചേർന്നാണ് പാത്തുവിനെ യാത്രയാക്കിയത്.
The Best Online Portal in Malayalam