കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്‌ഐ നേതാവ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
ക്വട്ടേഷൻ സംഘത്തലവൻ അർജുൻ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് സൂചന. അർജുൻ ഉപയോഗിച്ച കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് സജേഷിന്റെ പേരിലാണ്. കൃത്യത്തെ കുറിച്ചും സജേഷിനും വിവരമുണ്ടായതായി കസ്റ്റംസ് സംശയിക്കുന്നു.
അതേസമയം ഇന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സൂഫിയാനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുഎഇയിൽ നിന്ന് കടത്താൻ പദ്ധതിയിട്ട സ്വർണത്തിന് സംരക്ഷണം നൽകാനും ഇത് തട്ടിയെടുക്കാൻ വരുന്ന അർജുൻ അടങ്ങുന്ന സംഘത്തെ കൈകാര്യം ചെയ്യാനും ക്വട്ടേഷനെടുത്തത് സൂഫിയാന്റെ സംഘമാണ്.
രാമനാട്ടുകരയിൽ ക്വട്ടേഷൻ സംഘം വാഹനാപകടത്തിൽപ്പെടുകയും അഞ്ച് പേർ മരിക്കുകയും ചെയ്തതറിഞ്ഞ് സൂഫിയാൻ ഇവിടെ എത്തിയിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് ഇന്നലെ സൂഫിയാൻ കീഴടങ്ങിയത്.