എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. കൈറ്റ് വെബ്‌സൈറ്റിലും സഫലം മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും. www.result.kite.kerala.gov.in എന്ന പ്രത്യേക പോർട്ടൽ വഴിയും ‘സഫലം 2020’ എന്ന മൊബൈൽ ആപ്പ് വഴിയും എസ്എസ്എൽസി ഫലമറിയാൻ കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
4.2 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്കുവഴി ലോഗിൻ ചെയ്യാതെതന്നെ ലഭിക്കും.
പ്രൈമറിതലം മുതലുളള 11769 സ്‌കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ ‘സമ്പൂർണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിലും ഫലം ലഭിക്കും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആർഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.
എസ്എസ്എൽസി ഫലം വന്ന് പത്തു ദിവസത്തിനു ശേഷം ഹയർസെക്കൻഡറി ഫലവും പ്രഖ്യാപിക്കും. ജൂലൈ 10നാണ് പ്ലസ്ടു, വിഎച്ച്എസ്ഇ അടക്കമുളള ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുക.