ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച പുരാവസ്തുക്കള്‍ ഓസ്‌ട്രേലിയ മടക്കിനല്‍കും; വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരത്തിന് 16.3 കോടി രൂപ വിലമതിക്കും

സിഡ്നി: വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നും മോഷ്ടിച്ചുകൊണ്ടുപോയ കലാമൂല്യമുള്ളതും പുരാതനവുമായ വസ്തുക്കള്‍ ഓസ്ട്രേലിയ ഇന്ത്യക്ക് മടക്കി നല്‍കും.   ഇന്നത്തെ വിപണിമൂല്യം അനുസരിച്ച്‌ 2.2 മില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ എങ്കിലും ഇവയ്ക്ക് വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 16.3 കോടി ഇന്ത്യന്‍ രൂപ വരും.

പലവിധ വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരമാണ് ഇപ്പോള്‍ ഇന്ത്യക്ക് കൈമാറാന്‍ പോകുന്നത്. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാല്‍ തന്നെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയതായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു.

ഓസ്ട്രേലിയയിലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള 14ഓളം വസ്തുക്കളാണ് മടക്കി നൽകുന്നത്. ഇതില്‍ ചുരുങ്ങിയത് ആറെണ്ണമെങ്കിലും വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയില്‍ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്ന് കരുതുന്നതായി ആര്‍ട്ട് ഗാലറി അധികൃതര്‍ പറഞ്ഞു. തിരിച്ചുനല്‍കുന്ന 14 പുരാവസ്തുക്കളില്‍ 13ഉം സുഭാഷ് കപൂര്‍ എന്ന വ്യക്തി വഴി ഓസ്ട്രേലിയയില്‍ എത്തിയതാണ്.

പുരാവസ്തുക്കള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് മാന്‍ഹട്ടനില്‍ വിചാരണ കാത്ത് തടവില്‍ കിടക്കുകയാണ് സുഭാഷ് കപൂര്‍. നാഷണല്‍ ആര്‍ട്ട് ഗാലറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിനാണ് ഇവിടെ അന്ത്യം കുറിക്കുന്നതെന്ന് ആര്‍ട്ട് ഗാലറി ഡയറക്ടര്‍ നിക്ക് മിറ്റ്സെവിച്ച്‌ മാദ്ധ്യമങ്ങളോട് പറഞ്ഞു.