കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കിറ്റക്‌സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു
പ്രതികൾ ലഹരി ഉപയോഗിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ചും ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കും. അതേസമയം കിറ്റക്‌സ് തൊഴിലാളികളുടെ ആക്രമണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ രണ്ട് ഇൻസ്‌പെക്ടർമാരും ഏഴ് സബ് ഇൻസ്‌പെക്ടർമാരും അടങ്ങിയ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക
നിലവിൽ 164 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ പരിശോധിക്കും. കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.