എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ നടത്തിയ ആക്രമണത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കിഴക്കമ്പലത്തേത് ഒറ്റപ്പെട്ട സംഭവമാണ്. അതിഥി തൊഴിലാളികളെ സംരക്ഷിക്കുക എന്ന പൊതുനിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെത്തെ അക്രമത്തിൽ 151 തൊഴിലാളികളാണ് ഇതുവരെ അറസ്റ്റിലായത്.
അതേസമയം അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം കിറ്റക്സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ആരോപിച്ചു. കിറ്റക്സ് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജൻ ആവശ്യപ്പെട്ടു.