സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗ്ഗരേഖ കർശനമായി പാലിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാർഗ്ഗരേഖ പരിശോധിച്ച് കൃത്യമായ നടപടിയെടുക്കണം. സ്‌കൂൾ തുറക്കുന്നതിനു മുൻപ് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊട്ടടുത്തുള്ള സുരക്ഷിതമായ സ്‌കൂളുകളോ സ്ഥാപനങ്ങളോ കണ്ടെത്തി താല്ക്കാലികമായി അവിടെ ക്ലാസ്സ് നടത്തുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനുമാണ് സർക്കാർ ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട കോർപ്പറേഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ സ്‌കൂൾ തുറക്കാൻ പാടുള്ളൂ. മഴ കഴിഞ്ഞാൽ എത്രയും പെട്ടെന്ന് സ്‌കൂളിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിൽ സ്ഥാപിക്കുന്നതിനുള്ള പരിശ്രമം അധ്യാപക രക്ഷാകർതൃ സംഘടനകൾ, പ്രാദേശികമായി രൂപീകരിക്കുന്ന കമ്മിറ്റി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തണമെന്നും മന്ത്രി പറഞ്ഞു.