സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് വിലയിരുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി. ദുരന്തമുണ്ടായ കോട്ടയം കൂട്ടിക്കല്‍, ഇടുക്കി കൊക്കയാര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ചര്‍ച്ച ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലും പീരുമേട് ജനറല്‍ ആശുപത്രിയിലുമായി സൗകര്യങ്ങളൊരുക്കി. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
ക്യാമ്പുകളെല്ലാം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന നടത്തും. ക്യാമ്പിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റി പാര്‍പ്പിക്കും. ക്യാമ്പുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖങ്ങള്‍ ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കും. അവര്‍ക്ക് മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ എത്തിച്ച് നല്‍കും. പാമ്പ് കടി ഏറ്റാല്‍ ചികിത്സ നല്‍കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തും.ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.