കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; നവംബർ ഒന്നിന് കുറ്റപത്രത്തിൻ മേൽ വാദം ബോധിപ്പിക്കാൻ ഉത്തരവ്

 

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിൻമേൽ വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു. നവംബർ ഒന്നിന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കാനാണുത്തരവ്. ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതി വഫാ നജീമും ഇന്നലെ കോടതിയിൽ ഹാജരായില്ല.

കീഴ്‌ക്കോടതിയിൽ നിന്ന് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 207 പ്രകാരം വിചാരണയിൽ പോസിക്യൂഷൻ ആശ്രയിക്കുന്ന രേഖകളുടെ പകർപ്പുകിട്ടിയോയെന്ന കോടതിയുടെ ചോദ്യത്തിന് ലഭിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകർ ബോധിപ്പിച്ചു. തുടർന്ന് നവംബർ ഒന്നിന് രണ്ട് പ്രതികളും ഹാജരാകാനും സെഷൻസ് ജഡ്ജി മിനി എസ് ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്.

കുറ്റപത്രത്തിന്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് കമ്മിറ്റൽ കോടതിയായ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 2020 ഫെബ്രുവരി 24 ന് നൽകിയിരുന്നു. സി ഡികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് പ്രതികൾക്ക് നൽകിയ ശേഷം കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം കഴിഞ്ഞ മാസം ഒന്പതിന് പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ രണ്ടാം പ്രതിയായ വഫക്കൊപ്പം വഫയുടെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ കാറോടിച്ച് വരുന്പോൾ മ്യൂസിയം പബ്ലിക് ഓഫീസിന് മുൻവശത്തെ റോഡിൽ വെച്ച് ബഷീറിന്റെ ബൈക്കിൽ ഇടിച്ചു കയറുകയായിരുന്നു.