കെ.എം ബഷീറിന്റെ മരണം; കേസ് സെഷന്‍സ് കോടതിക്ക് കൈമാറും

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് സെഷന്‍സ് കോടതിക്ക് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ഇന്ന് കൈമാറും. കോടതിയുടെ അന്ത്യശാസനയെ തുടര്‍ന്ന് കഴിഞ്ഞ തവണ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. ബഷീറിനെ കാറിടിക്കുന്ന സമയത്ത് ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി. കേസില്‍ പൊലീസിന്റെ കൈവശമുള്ള സി.സി.ടി.വി ദൃശ്യങ്ങളും കേസ് രേഖകളും ആവശ്യപ്പെട്ട് ശ്രീറാം നല്‍കിയ ഹര്‍ജിയിലും കോടതി നാളെ വിധി പറയും. 2019 ഓഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകനായ ബഷീറിന്റെ മരണം സംഭവിക്കുന്നത്.