ഡോളര്‍ക്കടത്ത് കേസ്: ശിവശങ്കറെ റിമാന്റു ചെയ്തു

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ക്കടത്തിയെന്ന കേസില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറെ കോടതി റിമാന്റു ചെയ്തു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിവശങ്കറെ റിമാന്റു ചെയ്തത്.അടുത്ത മാസം ഒമ്പതു വരെയാണ് റിമാന്റു ചെയ്തിരിക്കുന്നത്.കേസില്‍ ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

കള്ളപ്പണം വെളുപ്പിക്കല്‍,സ്വര്‍ണക്കടത്ത് കേസുകളില്‍ കഴിഞ്ഞ ദിവസം കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചിരുന്നു. ഡോളര്‍ക്കടത്തില്‍ കൂടി ജാമ്യം കിട്ടിയാല്‍ ശിവശങ്കറിന് പുറത്തിറങ്ങാം. ഒക്ടോബര്‍ 28നാണ്് കള്ളപ്പണം വെളുപ്പിക്കില്‍ കേസി എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറെ അറസ്റ്റു ചെയ്തത്. പിന്നീട് സ്വര്‍ണക്കടത്ത്,ഡോളര്‍ക്കടത്ത് കേസുകളില്‍ കസ്റ്റംസ് ശിവശങ്കറെ അറസ്റ്റുചെയ്യുകയായിരുന്നു.സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്,കോണ്‍സുലേറ്റ് സാമ്പത്തിക വിഭാഗം മുന്‍മേധാവിയായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് എന്നിവരാണ് ഡോളര്‍ക്കടത്ത് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഖാലിദ് വിദേശത്താണ്.കേസിലെ മറ്റു പ്രതികള്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള കേസില്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു.ഡോളര്‍ക്കടത്തില്‍ ശിവശങ്കറിനും പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

ശിവശങ്കറിനെ അടുത്തിടെയാണ് കസ്റ്റംസ് പ്രതിയാക്കിയത്.തുടര്‍ന്ന് കോടതിയുടെ അനുമതിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.1,90,000 യു എസ് ഡോളര്‍ 2019 ആഗസ്റ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒമാന്‍ വഴി കെയ്റോയിലേക്കുളള യാത്രയില്‍ ഹാന്‍ഡ് ബാഗിലാണ് ഖാലിദ് ഡോളര്‍ കടത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും കസ്റ്റംസ് റിപോര്‍ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഈ യാത്രയില്‍ സ്വപ്നയും സരിത്തും ഒമാന്‍ വരെ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തതായും സ്വപ്്ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് കോടതി ഖാലിദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.