തിരുവനന്തപുരം: സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക മുഴുവനായി നല്‍കാത്തതിന് ജില്ലാ കലക്ടറുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് കോടതി. ജില്ലാ കലക്ടര്‍, എ ഡി എം എന്നിവരുടെതടക്കം അഞ്ച് വാഹനങ്ങള്‍ ജപ്തി ചെയ്യണമെന്നാണ് ഉത്തരവ്. വ്യോമസേനക്കായി ഭൂമി ഏറ്റെടുത്തതില്‍ നഷ്ടപരിഹാര തുക പൂര്‍ണമായി നല്‍കിയില്ലെന്ന പരാതിയിലാണ് നടപടി. ഇന്ന് വൈകുന്നേരത്തോടെ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു.
കടകംപള്ളി വില്ലേജിലാണ് സംഭവമുണ്ടായത്. വ്യോമസേനക്ക് വേണ്ടി പ്രദേശത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്തിരുന്നു. ഇതില്‍ നഷ്ടപരിഹാരമായി നല്‍കേണ്ട ഒമ്പത് ലക്ഷം രൂപ നല്‍കുന്നത് അനിശ്ചിതമായി നീണ്ടുപോയതിനെ തുടര്‍ന്ന് സ്ഥലമുടമ തിരുവനന്തപുരം സബ് കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.