തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആഗോള, ദേശീയ വിദഗ്ധരുമായി കൂടിയാലോചിച്ച് കേരളത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലത്തില്‍ വേണം സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുത്താതെ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണം. ഇതിനായി സിസിഎഫിന്റെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വന്യജീവികളുടെ ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എല്‍.എ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവികളുടെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണം. വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്കു വേണ്ടി പ്രത്യേക ഇന്‍ഷൂറന്‍സ് നടപ്പാക്കാനും സര്‍ക്കാര്‍ തയാറാകണം. പ്രശ്‌നത്തില്‍ അടിയന്തിര ഇടപെടലുണ്ടാകുമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വാക്കൗട്ട് ഒഴിവാക്കുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.