പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം; പിന്നില്‍‌ കൃത്യമായ ആസൂത്രണം: ലക്ഷ്യം പീഡനമെന്നും പൊലീസ്

 

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്പി. പീഡനം തന്നെയായിരുന്നു ഉദ്ദേശമെന്നും പൊലീസ് നിഗമനം. പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക്ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.