സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സെക്രട്ടറിയേറ്റിലെ തീപിടുത്തം രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. ഇന്നലെ വൈകീട്ട് തന്നെ അന്വേഷണ സംഘത്തെയും പ്രഖ്യാപിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം. സ്പെഷ്യൽ സെൽ എസ്‍പി അജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. തീപിടിത്തത്തിന്‍റെ കാരണവും അട്ടിമറി ശ്രമമുണ്ടായോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ദുരന്തനിവാരണവിഭാഗം കമ്മീഷണര്‍ ഡോ. എ കൌശിഗന്‍റെ നേത്വത്തിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.