പെട്ടിമുടി ദുരന്തം; തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്‍.ഡി.ആര്‍.എഫ് സംഘം ഇന്ന് മടങ്ങും. വരും ദിവസങ്ങളില്‍ കാലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരുടെ സഹകരണത്തോടെ തെരച്ചില്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂർണമായും പരിശോധന പൂർത്തിയാക്കിയാണ് തിരച്ചിൽ അവസാനിപ്പിച്ചതെന്ന് കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

ലയങ്ങളുണ്ടായിരുന്ന സ്ഥലങ്ങളിലും, പെട്ടിമുടി പുഴയിലുമായി 19 ദിവസം നീണ്ടുനിന്ന തെരച്ചിലില്‍ 65 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്സ്, വനം വകുപ്പ്, പൊലീസ്, റവന്യൂ-പഞ്ചായത്ത് അധികൃതര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. മഴയും മഞ്ഞും മൂലം കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉച്ചയോടെ തിരച്ചിൽ നിർത്തേണ്ട സ്ഥിതിയായിരുന്നു.

കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ കാണാതായ 70 പേരില്‍ ദിനേഷ് കുമാർ (20), റാണി (44), പ്രീയദർശനി (7), കസ്തുരി (26), കാർത്തിക (21) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. 12 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു, ഇവരില്‍ മൂന്ന് പേര്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലും നാല് പേര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.