ലക്ഷദ്വീപിനെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഫാസ്റ്റിസ് തേർവാഴ്ച അവസാനിപ്പിക്കാനും ഇയാളെ തിരികെ വിളിച്ച് ദ്വീപിൽ സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാനും കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ലക്ഷദ്വീപ് ജനതയെ പിറന്ന മണ്ണിൽ രണ്ടാംനിര പൗരൻമാരാക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.
ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലീം സഹോദരൻമാർ താമസിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളെ കാവിവത്കരിക്കാനാണ് പ്രഫുൽ പട്ടേലിന്റെ നീക്കം. തങ്ങളുടേതായ സാംസ്‌കാരിക തനിമ നിലനിർത്തി ജീവിക്കുന്ന ലക്ഷദ്വീപ് സമൂഹങ്ങളിലെ ജനതക്ക് മേൽ തടവറ തീർക്കുകയാണ് കേന്ദ്രസർക്കാർ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യം നടപ്പാക്കുകയാണ്. കള്ളവും ചതിയുമില്ലാത്ത, കുറ്റകൃത്യങ്ങൾ തീരെയില്ലാത്ത ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പാക്കുകയാണ്. മോദിയുടെ സമ്മതമില്ലാതെ ഇത്തരമൊരു നടപടിയുമായി അഡ്മിനിസ്‌ട്രേറ്റർ മുന്നോട്ടുപോകില്ല. കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ഗുണ്ടാ ആക്ട് നടപ്പാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.