ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തു വരുന്ന വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നൽകി. ഏപ്രില്‍ 21ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് പുതിയ മാര്‍ഗനിര്‍ദേശം. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ് (https://www.cowin.gov.in ) നടക്കുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ശുചിയാക്കുകയും വേണം.
ഇനി സംസ്ഥാനത്ത് 4 ലക്ഷത്തോളം ഡോസ് വാക്‌സിനാണുള്ളത്. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 413 സര്‍ക്കാര്‍ ആശുപത്രികളും 193 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 606 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷന്‍ നടന്നത്. ഇതുവരെ ആകെ 68,46,070 ഡോസ് വാക്‌സിനാണ് നല്‍കിയത്. അതില്‍ 58,00,683 പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 10,45,387 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്.