സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതം, സർക്കാരിന്റെ രാഷ്ട്രീയം ലജ്ജാകരം: ഹൈബി ഈഡൻ

സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എംപി. പുലി വരുന്നേ പുലി എന്ന് ഓർമപ്പെടുത്തുന്ന രീതിയിലാണ് പിണറായി സർക്കാരിന്റെ നടപടി. തെരഞ്ഞെടുപ്പുകളിൽ മാത്രമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്നും ഹൈബി പ്രതികരിച്ചു.

സ്വർണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻനിർത്തി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണെന്നും ഹൈബി പറഞ്ഞു

ഹൈബി ഈഡനെതിരെയും കേസിൽ ആരോപണമുണ്ട്. കൂടാതെ ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളും സിബിഐ അന്വേഷിക്കും.