രണ്ടാംഘട്ട നൂറുദിന കര്‍മപരിപാടിയുമായി സര്‍ക്കാര്‍; 10,000 കോടിയുടെ വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റട്ടത്തെ തുടര്‍ന്ന് നീട്ടിവച്ച രണ്ടാംഘട്ട നൂറുദിന കര്‍മ പരിപാടിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഡിസംബര്‍ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങള്‍ക്കുള്ള കര്‍മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞ ശേഷമാണ് ഇത് പ്രഖ്യാപിക്കുന്നത്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രകടനപത്രികയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കി. ബാക്കിയുള്ളവ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുകയാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ഏത് അളവുകോല്‍ പ്രകാരവും അഭിമാനകരമായ നേട്ടമാണ്. പ്രകടനപത്രികയില്‍ ഉള്‍പ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ ഇടപെടല്‍ ജനങ്ങള്‍ക്ക് കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും കഴിയണമെന്ന നിര്‍ബന്ധം കൊണ്ടാണ് ഓരോ വര്‍ഷവും പ്രോഗ്രസ് റിപോര്‍ട്ട് തയ്യാറാക്കിയത്. പ്രഖ്യാപിച്ചതില്‍ വളരെ ചുരുക്കം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നിട്ടുള്ളു. അതിന്റെ കാരണവും ജനങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.

 

കൊവിഡ് മഹാമാരി സമ്പദ്ഘടനയെ തളര്‍ത്തിയിട്ടുണ്ട്. ഇത് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള സമയബന്ധിതമായ കര്‍മ്മ പരിപാടിയെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. ലോക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും സാധാരണഗതിയിലുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചിട്ടുണ്ട്. കോവിഡിന്റെ വിപത്തില്‍ നിന്ന് നാം വിമുക്തരായിട്ടില്ല. ഈ ഘട്ടത്തില്‍ സമ്പദ്ഘടനയിലെ മരവിപ്പ് ഇല്ലാതാക്കുന്നതിന് ഇടപെടുക എന്നതാണ് പ്രധാനം. ഒന്നും ചെയ്യാതെ മാറിനിന്നാല്‍ ജനജീവിതം ദുഷ്‌കരമായിത്തീരും. നിരവധി പരിമിതികള്‍ നിലവിലുണ്ടെങ്കിലും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കുടുംബശ്രീ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ 15000 സംരംഭങ്ങള്‍ക്കു തുടക്കമാകും. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കന്‍ ഔട്ട്‌ലറ്റുകള്‍, പുതിയ ജനകീയ ഹോട്ടലുകള്‍, കയര്‍ ആന്റ് ക്രാഫ്റ്റ് സ്‌റ്റോറുകള്‍, ഹോം ഷോപ്പികള്‍ എന്നിവിടങ്ങളില്‍ 2500 പേര്‍ക്കാണ് തൊഴില്‍ നല്‍കുക. കേരള ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവയിലെ വായ്പകളിലൂടെ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കും. ആകെ അരലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ പ്രത്യേകം അറിയിക്കും.