ആലുവ മൊഫിയ പർവീൺ ആത്മഹത്യാക്കേസിൽ ഗുരുതര ആരോപണങ്ങൾ ഉയർന്ന സിഐ സുധീറിനെതിരെ നടപടിയുണ്ടാകുമെന്ന് ഐജി ഹർഷിത അട്ടല്ലൂരി. ആലുവ ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത് കിട്ടിയ ശേഷം സിഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു
പോലീസിലെ സ്ഥിരം പ്രശ്‌നക്കാരനാണ് സുധീർ. ആലുവയിൽ തന്നെ ഇയാൾക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നുവരുന്നുണ്ട്. ആലുവ സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകാനെത്തിയ മറ്റൊരു യുവതിയുടെ വെളിപ്പെടുത്തലും ഇപ്പോൾ വാർത്തയാകുകയാണ്. പരാതി നൽകിയിട്ടും മൊഴിയെടുക്കാനോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനോ സിഐ തയ്യാറായില്ല.
മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തിയിട്ട് അവസാനം ഇറങ്ങിപ്പോകാനാണ് പറഞ്ഞത്. ഭീഷണിപ്പെടുത്തിയാണ് സംസാരിച്ചത്. എടീ എന്നാണ് സംബോധന ചെയ്തത്. പിറ്റേ ദിവസം സ്റ്റേഷനിൽ പോയപ്പോൾ മൊഫിയയെ കണ്ടിരുന്നതായും യുവതി പറയുന്നു. ആ കുട്ടിയോടും പിതാവിനോടും സിഐ മോശമായാണ് പെരുമാറിയതെന്നും യുവതി വെളിപ്പെടുത്തുന്നു
നേരത്തെ ഉത്ര വധക്കേസിൽ കൃത്യവിലോപം നടത്തിയതിന് നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് സുധീർ. തുടർന്നാണ് ആലുവയിലേക്ക് സ്ഥലംമാറ്റം കിട്ടി വന്നത്. ഇടമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം തന്റെ വീട്ടിലേക്ക് എത്തിച്ച സംഭവത്തിലും ഇയാൾ വിവാദ നായകനാണ്. പരാതി നൽകാനെത്തിയ മറുനാടൻ തൊഴിലാളിയെ കൊണ്ട് സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്ന ആക്ഷേപവും സുധീറിനെതിരെയുണ്ട്.