കണ്ടെയ്നര്‍ വഴി ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് 500 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. സംസ്ഥാനാനന്തര ബന്ധമുള്ള കഞ്ചാവ് കടത്തിന്റെ സൂത്രധാരന്‍ പഞ്ചാബ് സ്വദേശി മന്‍ദീപ് സിംഗ്, വടകര സ്വദേശി ജിതിന്‍ രാജ് എന്നിവര്‍ അറസ്റ്റിലായതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.സെപ്റ്റംബര്‍ ആറിന് ആറ്റിങ്ങല്‍ കോരാണിയില്‍ വച്ചാണ് കണ്ടെയ്നര്‍ ലോറിയില്‍ കടത്തിയ 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. രണ്ടു പ്രതികളെ അന്ന് തന്നെ പിടികൂടിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ജി ഹരികൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആണ് മറ്റു പ്രതികളും പിടിയിലായത്.
മന്‍ദീപ് സിംഗിനെ മൈസൂര്‍ പൊലീസ് പിടികൂടി എക്‌സൈസ് സംഘത്തിന് കൈമാറുകയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടെയ്നര്‍ ലോറിയിലെ രഹസ്യ അറയില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. പന്ത്രണ്ടിലേറെ കണ്ടെയ്നര്‍ ലോറികള്‍ ഉള്‍പ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥനായ ഇയാളുടെ മറ്റ് ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് എക്‌സൈസ് വ്യക്തമാക്കി.കേസില്‍ തൃശൂര്‍ സ്വദേശി സെബു സെബാസ്റ്റ്യന്‍, മൈസൂരില്‍ സ്ഥിരതാമസക്കാരനായ കണ്ണൂര്‍ ഇരിട്ടി സ്വദേശി സജീവ് എന്നിവരെ എക്‌സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയ കണ്ണൂര്‍ സ്വദേശിയെക്കുറിച്ചും ആന്ധ്രയിലെ വനമേഖലയില്‍ താമസിച്ച് മന്‍ദീപ് സിംഗിന് കഞ്ചാവ് തരപ്പെടുത്തി നല്‍കുന്ന അബ്ദുള്ളയെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. ജില്ലയില്‍ മൂന്നു മാസത്തിനിടെ മാത്രം എക്‌സൈസ് സംഘം പിടികൂടിയത് 1050 കിലോഗ്രാം കഞ്ചാവാണ്.