കെ റെയിലിൽ പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരം; നല്ല ചർച്ചയാണ് നടന്നതെന്നും മുഖ്യമന്ത്രി

കെ റെയിലുമായി ബന്ധപ്പെട്ട് ആരോഗ്യകരമായ പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് പ്രധാനമന്ത്രി കേട്ടതെന്നും ആരോഗ്യകരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു

നല്ല ചർച്ചയാണ് നടന്നത്. വിഷയം കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. എന്താണ് പറ്റുകയെന്ന് നോക്കാമെന്നും പറഞ്ഞതായി പിണറായി വിജയൻ പറഞ്ഞു. റെയിൽവേ മന്ത്രിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചുു

 

സംസ്ഥാനത്ത് യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ദേശീയപാതാ വികസനം നടക്കില്ലെന്നായിരുന്നു പൊതുവിശ്വാസം. എന്നാൽ കേന്ദ്രസർക്കാർ സഹായത്തോടെ യാഥാർഥ്യമാക്കാൻ സാധിച്ചു. സിൽവർ ലൈൻ യാഥാർഥ്യമാകേണ്ട പദ്ധതിയാണ്. വൈകിയാൽ ചെലവ് വർധിക്കും.

കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയുടെ ഡിപിആറിന് അംഗീകാരം ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും. സിൽവർ ലൈൻ ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണ്. പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യമുണ്ട്. അന്തരീക്ഷ മലിനീകരണത്തിന് കാരണമായ റോഡ് ഗതാഗതത്തിൽ നിന്ന് റെയിൽവേയിലേക്ക് മാറുന്നത് അതുകാരണമാണ്.

കെട്ടിടം നഷ്ടമാകുന്നവർക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും നൽകും. സാമൂഹിക ആഘാത പഠനത്തിലൂടെ മാത്രമേ ആരുടെയൊക്കെ ഭൂമി നഷ്ടമാകൂവെന്ന് അറിയാനാകൂ. അലൈൻമെന്റ് കണ്ടെത്താനാണ് ലി ഡാർ സർവേ. ഇത് ഭൂമി ഏറ്റെടുക്കാനുള്ള സർവേ അല്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.