കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ കൂട്ടും; നടപടികൾ തുടങ്ങി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികൾ തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ നിയമനം ആരംഭിച്ചു. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ ഉടൻ നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നൽകിയതോടെയാണ് നടപടി. എട്ട് സുരക്ഷാ ജീവനക്കാരുടെ അഭിമുഖമാണ് ഇന്നുനടന്നത്.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരിൽ രണ്ട് പേരെ കണ്ടെത്തിയിരുന്നു. രോഗികളുടെ എണ്ണത്തിനാനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടി പോയ യുവാവിനെ ഷൊർണൂരില്‍ വച്ച് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ അടുത്ത ദിവസം പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടിയും ചാടിപ്പോയിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്.